ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്ന ബോട്ട് മുങ്ങി; 16 മരണം

Update: 2021-12-25 17:33 GMT

ഏഥന്‍സ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളിലാണ്ടായ ബോട്ട് അപകടങ്ങളില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു.

തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലേക്ക് ഗ്രീസിലെ ഈജിയന്‍ കടല്‍ വഴിയുള്ള യാത്ര ഇടനിലക്കാര്‍ വഴിയാണ് ആസൂത്രണം ചെയ്യുന്നത്.

ശനിയാഴ്ച 63 പേരെ മുങ്ങുന്ന ബോട്ടില്‍ നിന്ന് രക്ഷിച്ചതായി ഗ്രീസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

വെള്ളിയാഴ്ച 13 പേര്‍ മരിച്ചതായാണ് കോസ്റ്റ് ഗാര്‍ഡ് റിപോര്‍ട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടുകിട്ടിയതോടെയാണ് മരണം 16 ആയി ഉയര്‍ന്നത്. ബോട്ടില്‍ 80 പേരുണ്ടായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന സമുദ്രപാതയിലാണ് അപകടം നടന്നത്.

Tags: