ബ്രഹ്മപുത്ര നദിയിലെ ബോട്ട് അപകടം: കാണാതായവരെ ഇതുവരെ കണ്ടെത്തിയില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജോര്‍ഹത്ത്; അസമിലെ ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശിവസാഗറില്‍ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍ പെട്ട ബോട്ടില്‍ 70ഓളം പേരുണ്ടായിരുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി. അതില്‍ ഒരു സത്രീ ആശുപത്രിയില്‍ വച്ച് മരിച്ചു. രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. രാവിലെ ആറ് മണിക്ക് തിരച്ചില്‍ വീണ്ടും ആരംഭിച്ചു.
ഇതുവരെ തിരച്ചില്‍ നടത്തിയിടത്തുനിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ട് ഹെല്‍മെറ്റും ഒരു പഴ്‌സും കണ്ടെത്തി.
എത്ര പേരെയാണ് കാണാതായതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് എന്‍ഡിആര്‍എഫ് വക്താവ് പത്രാസ് ഗുഡിയ പറഞ്ഞു.
രണ്ട് ബോട്ടിലുമായി 120 യാത്രക്കാരുണ്ടായിരുന്നു. അതില്‍ മിക്കവാറും പേരെ കാണാതായിട്ടുണ്ട്.
ജോര്‍ഹത്തിലെ നിമതി ഘട്ടിലാണ് അപകടം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.