വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നീല ടാഗ് നീക്കം ചെയ്തു; സര്‍ക്കാര്‍- സോഷ്യല്‍മീഡിയ തര്‍ക്കത്തെത്തുടര്‍ന്നെന്ന് സംശയം

Update: 2021-06-05 05:11 GMT

ന്യൂഡല്‍ഹി: വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്‍ില്‍ നിന്ന് നീല ടാഗ് നീക്കം ചെയ്തു. M.Venkaiah Naidu, @MVenkaiahNaidu എന്ന അക്കൗണ്ടിനെയാണ് നീല ടാഗില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ദീര്‍ഘകാലമായി ട്വിറ്റര്‍ ഉപയോഗിക്കാതിരുന്നതുകൊണ്ടാണ് ടാഗ് നീക്കം ചെയ്തതെന്നാണ് ട്വിറ്റര്‍ നല്‍കിയ വിശദീകരണം. വെങ്കയ്യനായിഡുവിന്റെ ഓഫിസും അത് ശരിവച്ചു. വൈസ് പ്രസിഡന്റിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇപ്പോഴും നീല ടാഗ് നിലനിര്‍ത്തിയിട്ടുണ്ട്. Vice President of India @VPSecretariat എന്ന അക്കൗണ്ടിലാണ് നീല ടാഗ് തുടരുന്നത്.

അതേസമയം വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെതിരേ നടപടി വന്നത് ഇന്ത്യന്‍ ഭരണകൂടവും സാമൂഹികമാധ്യമങ്ങളും തമ്മില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തര്‍ക്കത്തിന്റെ ഭാഗമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

സാധാരണ വ്യക്തിഗത മികവുള്ളവരായ സിനിമാ, സ്‌പോര്‍ട്‌സ് താരങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് വ്യവസായത്തില്‍ നിന്നുള്ള മറ്റുളള താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, ആക്റ്റിവിസ്റ്റുകള്‍, സംഘടനകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നി സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നവരുടെ അക്കൗണ്ടുകളിലാണ് നീല ടാഗ് നല്‍കുന്നത്. എന്തെങ്കിലും സാഹചര്യത്തില്‍ അക്കൗണ്ട് ഉടമ പേര് മാറ്റുകയോ ട്വിറ്റര്‍ സ്റ്റാന്റേര്‍ഡിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുകയോ നിഷ്‌ക്രിയമാവുകയോ ഒക്കെ ചെയ്യുമ്പോഴാണ് നീല ടാഗ് റദ്ദാക്കുക. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ട് ആറ് മാസമായി നിഷ്‌ക്രിയമാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതുതന്നെ വൈസ് പ്രിസിഡന്റിന്റെ ഓഫിസും ആവര്‍ത്തിച്ചു.

എന്നാല്‍ ആറ് മാസത്തില്‍ കൂടുതലായി നിഷ്‌ക്രിയമായിരിക്കുന്ന പല നീല ടാഗ് അക്കൗണ്ടുകളും ഇപപോഴും അതേ രീതിയില്‍ തുടരുന്നുണ്ട്. എന്നിട്ടും ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് നീല ടാഗ് ഒഴിവാക്കിയത് സര്‍ക്കാര്‍, സാമൂഹിക മാധ്യമതര്‍ക്കത്തിന്റെ ഭാഗമാണെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. നീല ടാഗ് നീക്കംചെയ്തതിനെതിരേ ബിജെപി വക്താവ് സുരേഷ് നഖൗവ രംഗത്തുവന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമത്തി്‌ന്റെ ഭാഗമായി തങ്ങളുടെ നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വെറുതേ പടര്‍പ്പില്‍ തല്ലാതെ ഇന്ത്യന്‍നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമായ പാരമ്പര്യമുണ്ടെന്നും ട്വിറ്ററിന്റെ നീക്കം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള നീക്കമാണെന്നും ഐടി മന്ത്രാലയം കുറ്റപ്പെടുത്തി.

Tags:    

Similar News