രക്തം കട്ടപിടിക്കുന്നു; അറുപത് വയസ്സിനു താഴെയുള്ളവരില്‍ ആസ്ട്രസെനെക്ക വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടെന്ന് ജര്‍മനി

Update: 2021-03-31 04:03 GMT

ബെര്‍ലിന്‍: രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലം കണ്ടെത്തിയ സാഹചര്യത്തില്‍ 60 വയസ്സിനു താഴെ ആസ്ട്രസെനക്കയുടെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കേണ്ടെന്ന് ജര്‍മനി. നേരത്തെ കാനഡയും ഇതേ തീരുമാനം എടുത്തിരുന്നു. 55 വയസ്സിനു താഴെയുളളവര്‍ ആസ്ട്രസെനക്ക ഉപയോഗിക്കേണ്ടെന്നാണ് കാനഡ തീരുമാനിച്ചത്. അതിനുമുകളിലുള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാം.

ജര്‍മനിയില്‍ 2.7 ദശലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ എടുത്തതില്‍ 31 പേരിലാണ് രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലങ്ങള്‍ കണ്ടത്.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങളേക്കാള്‍ അതിന്റെ ഗുണങ്ങളാണ് അന്താരാഷ്ട്ര ആരോഗ്യസംഘടനകള്‍ പരിഗണിക്കുന്നതെന്ന് ആസ്ട്രസെനക്ക പറഞ്ഞു. എന്തുകൊണ്ടാണ് ചില രോഗികളില്‍ രക്തം കട്ടിപിടിക്കുന്ന പാര്‍ശ്വഫലങ്ങളെന്ന് കണ്ടെത്താന്‍ ശ്രമിക്കും.  ജര്‍മനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കുമെന്നും കമ്പനി അറിയിച്ചു.

യൂറോപ്പ് ഈ മാസം ആദ്യം ആസ്ട്രസെനക്കയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഓക്‌സ്‌ഫോര്‍ഡ് / അസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്, ഇതിനകം തന്നെ ഈ രാജ്യത്ത് ആയിരക്കണക്കിന് ജീവന്‍ രക്ഷിച്ചുവെന്ന് യുകെ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: