ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു

Update: 2022-04-11 06:27 GMT

ബറൂച്ച്: തിങ്കളാഴ്ച ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെ ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഓം ഓര്‍ഗാനിക് എന്ന കമ്പനിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

റിയാക്ടറിന് സമീപം ജോലി ചെയ്യുകയായിരുന്ന ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഒരു ലായനി വാറ്റിയെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് ബറൂച്ച് പോലിസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു. 

'റിയാക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. റിയാക്ടറിന് സമീപം ജോലി ചെയ്തിരുന്ന ആറ് പേരും മരിച്ചു. പിന്നീട് മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തീ നിയന്ത്രണവിധേയമാക്കി,' ലീന പാട്ടീല്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 

സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.