എംഎല്‍എയുടെ പ്രവാചകനിന്ദ: പ്രതിഷേധക്കാരോട് സമാധാനം പാലിക്കണമെന്ന് ഉവൈസി

Update: 2022-08-26 01:44 GMT

ഹൈദരാബാദ്: പ്രവാചകനിന്ദ നടത്തിയ ബിജെപി എംഎല്‍എ ടി രാജാസിങ്ങിനെ സസ്‌പെന്‍ഡ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യം നിവര്‍ത്തിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി. വെള്ളിയാഴ്ച നമസ്‌കാരം നടക്കുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബിജെപി എംഎല്‍എ ടി രാജാ സിങ്ങിന്റെ പ്രവാചകനിന്ദക്കെതിരേ ഹൈദരാബാദില്‍ വ്യാഴാഴ്ച വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. അതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാമ്യത്തില്‍വിട്ട എംഎല്‍എയെ കരുതല്‍ത്തടങ്കല്‍ നിയമമനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

ചെറിയപ്പള്ളി ജയിലിലാണ് എംഎല്‍എയെ പാര്‍പ്പിച്ചിരിക്കുന്നത്.

വെളളിയാഴ്ച പ്രാര്‍ത്ഥനക്കുശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് ഉവൈസി പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചു.

നമ്മുടെ മുഖ്യമായ ആവശ്യം എംഎല്‍എയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയെന്നതായിരുന്നു. അത് നടന്നു. വെളളിയാഴ്ച പ്രാര്‍ത്ഥന സമാധാനപൂര്‍ണമാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എംഎല്‍എക്കെതിരേ 101 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സിങ് നിരന്തരം വിദ്വേഷപരാമര്‍ശം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനുശേഷമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ആദ്യ കേസില്‍ ജാമ്യം നല്‍കി പുറത്തുവന്നശേഷവും എംഎല്‍എ വിദ്വേഷപരാമര്‍ശം നടത്തിയിരുന്നു.

ഐപിസി 153എ, 259, 505 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News