വളാഞ്ചേരി: ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശം സംഘ്പരിവാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ധ്രുവീകരണ രാഷ്ടീയത്തിന്റെ പുതിയ ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി. വളാഞ്ചേരി അല്‍ ഫജ്ര്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്താവനക്കെതിരെ ആഗോള തലത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള പ്രതിഷേധങ്ങള്‍ ബഹുസ്വരതയെ മാനിക്കണമെന്ന കരുത്തുറ്റ സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള മുസ്‌ലിം സമുദായത്തിന്റെ ആദര്‍ശ അടിത്തറകളെ തകര്‍ക്കാനുള്ള ഫാഷിസത്തിന്റെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. ഫാഷിസത്തിന് ആളുകളെ ഇല്ലാതാക്കാനായാലും ആശയങ്ങളെ ഉന്‍മൂലനം ചെയ്യാനാകില്ല. ബഹുസ്വരതയെ തകര്‍ത്ത് ഏകശിലാത്മകമായ സംസ്‌കാരത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ കൂട്ടായി ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.