ബ്ലാക്ക് ഫംഗസ് അപകടകാരിയാണ്; നിസ്സാരമാക്കരുത്

ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച്ച നഷ്ടപ്പെടാന്‍ പോലും കാരണമാകുമെന്നും ബ്ലാക് ഫംഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടര്‍ അറിയിച്ചു

Update: 2021-05-17 12:14 GMT

കോഴിക്കോട്: കൊവിഡിനൊപ്പം മറ്റൊരു പകര്‍ച്ചവ്യാധി കൂടി രാജ്യത്ത് കണ്ടെത്തിയതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യ മേഖല. കേരളമുള്‍പ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വര്‍ധിച്ചു വരുന്നതായിട്ടാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഐയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മുഖം , മൂക്ക്, കണ്ണ്,തലച്ചോര്‍ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച്ച നഷ്ടപ്പെടാന്‍ പോലും കാരണമാകുമെന്നും ബ്ലാക് ഫംഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് മുക്തരായ പ്രമേഹരോഗികളില്‍ ഹൈപ്പര്‍ ഗ്ളൈസീമിയ നിയന്ത്രിക്കണമെന്നും, രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കണമെന്നും കൊവിഡ് ദൗത്യ സംഘത്തിലെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു. ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, കാന്‍സര്‍ ബാധിതര്‍ എന്നിവരെ രോഗം ബാധിക്കാം. വൊറികോണസോള്‍ തെറാപ്പിക്ക് വിധേയമായവര്‍, ഡയബെറ്റിസ് മെലിറ്റസ് രോഗികള്‍ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരേയും രോഗം ബാധിക്കുന്നു.

കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദനയും ചുവപ്പ് നിറവുമാണ് ബ്ലാക് ഫംഗസിന്റെ പ്രാധമിക ലക്ഷണങ്ങളായി പറയുന്നത്. ഇതോടൊപ്പം പനി, തലവേദന, ചുമ, ശ്വാസതടസം, ഛര്‍ദിയില്‍ രക്തത്തിന്റെ അംശം എന്നിവയുമുണ്ടാകാം. രോഗം മൂര്‍ഛിക്കുമ്പോള്‍

മാനസിക പ്രശ്‌നങ്ങളും അനുഭവപ്പെടും.

ബ്ലാക് ഫംഗസ് വരാതിരിക്കാന്‍ പ്രധാനമായും ഹൈപ്പര്‍ഗ്ലൈസീമിയ (ഉയര്‍ന്ന പ്രമേഹം) നിയന്ത്രിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. രോഗലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുതെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

Tags:    

Similar News