അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സ് വിശകലനം പുരോഗമിക്കുന്നു: കേന്ദ്രം

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ 787 വിമാനം തകര്‍ന്നുവീണ സ്ഥലത്തു നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചു വരികയാണെന്ന് കേന്ദ്രം. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകള്‍ (സിവിആര്‍), ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറുകള്‍ (എഫ്ഡിആര്‍) എന്നിവയില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനമാണ് നിലവില്‍ പുരോഗമിക്കുന്നത്.
'സിവിആര്‍, എഫ്ഡിആര്‍ ഡാറ്റകളുടെ വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം പുനര്‍നിര്‍മ്മിക്കുന്നതിനും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും കാരണമാകുന്ന ഘടകങ്ങള്‍ തിരിച്ചറിയുന്നതിനും ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നു,' സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും മരിക്കുകയായിരുന്നു, സാങ്കേതിക പ്രശ്‌നങ്ങളാവാം അപകട കാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.
അപകടത്തെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിരുന്നു. ജൂണ്‍ 13 ന് ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം രൂപീകരിക്കുകയും ചെയ്തു. ഡയറക്ടര്‍ ജനറല്‍, ഒരു ഏവിയേഷന്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്, സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ പ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.