മണിപ്പൂരിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫിസുകൾ അടിച്ചു തകർത്തു; മോഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെയും കോലം കത്തിച്ചു.

Update: 2022-01-31 04:00 GMT

ഇംഫാൽ: സ്ഥാനാർഥി പ്രഖ്യാപനത്തിൽ അസ്വസ്ഥരായ പാർട്ടി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് മണിപ്പൂർ ബിജെപിയിൽ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെയും കോലം കത്തിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ബിജെപി പാർട്ടി ഓഫിസുകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. ഏറെ അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്നലെയാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

രോഷാകുലരായ പ്രവർത്തകർ പാർട്ടി കൊടിയും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കത്തിക്കുകയും ചെയ്തു. സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനാൽ ചിലർ പാർട്ടി വിട്ടതായും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിൽ നിന്ന് വന്നവർക്ക് സീറ്റ് നൽകിയതിൽ അസംതൃപ്തരായവരാണ് പാർട്ടി വിട്ടതെന്നാണ് സൂചന.

സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ പത്ത് പേർ ഈയിടെ കോൺ​ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയവരാണ്. മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്താണ് ഇതിൽ പ്രമുഖൻ. പ്രതിഷേധ സാഹചര്യത്തിൽ ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News