കോണ്‍ഗ്രസ് വിട്ടുവരുന്നവരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി; ഒഴിച്ചിട്ട സീറ്റുകളിലേക്ക് ആളെക്കിട്ടുന്നില്ല

ബിജെപിയിലേക്ക് വരുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പണവും സീറ്റും

Update: 2021-03-14 17:47 GMT

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് സീറ്റുകിട്ടാതെ രാജിവച്ചുവരുന്നവരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ഏജന്റുമാര്‍. മുന്‍പ് വോട്ടു കച്ചവടമായിരുന്നു ബിജെപി നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പണവും സീറ്റും നല്‍കി ആളെ ചാക്കിട്ട് പിടിക്കാനാണ് ശ്രമിക്കുന്നത്. കഴക്കൂട്ടം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് ചാടി വരുന്നവരെ ചാക്കിട്ട് പിടിക്കാന്‍ ഏജന്റുമാര്‍ പലരുടേയും വീട്ടുപടിക്കലെത്തുകയാണ്. പണവും സീറ്റുമാണ് ബിജെപി ഏജെന്റുമാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ന് രാവിലെ കരുത്തനായ കഴക്കൂട്ടത്തെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എം എ വാഹിദിനെ കോടികള്‍ നല്‍കി വശത്താക്കാന്‍ ശ്രമിച്ചിരുന്നു. ജില്ലയിലെ ഏത് മണ്ഡലത്തിലും മല്‍സരിപ്പിക്കാമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ മോശം പ്രതികരണമാണ് വാഹിദില്‍ നിന്നുണ്ടായത്. മേലില്‍ ഈ ആവശ്യം പറഞ്ഞ് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു എം എ വാഹിദ്. മല്‍സരിക്കണമെങ്കില്‍ റിബലായോ, സ്വതന്ത്രനായോ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കരുത്തയാളാണ് വാഹിദ്. നേരത്തെ കോണ്‍ഗ്രസ് റിബലായി അദ്ദേഹം കഴക്കൂട്ടത്ത് വിജയിച്ച് കരുത്തുകാട്ടിയിട്ടുമുണ്ട്.

മുന്‍ ആറ്റിങ്ങല്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി ശരത് ചന്ദ്രപ്രസാദിനെയാണ് ബിജെപി പലവട്ടം വലയിലാക്കാന്‍ ശ്രമിച്ചത്. ചില ഐ ഗ്രൂപ്പ് വക്താക്കളും ശരത് ചന്ദ്രപ്രസാദിനെ ബിജെപിയാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒരു ജീവിക്കുന്ന രക്തസാക്ഷിയായ താന്‍ കോണ്‍ഗ്രസുകാരനായേ മരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ കെപിസിസി സെക്രട്ടറിയായിരുന്ന വിജയന്‍ തോമസ് നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച്, രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ വിജയന്‍ തോമസിനെ ബിജെപി പരിഗണിക്കുന്നില്ല എന്നാണ് വിവരം. സംസ്ഥാനത്ത്്

മൂന്ന് സീറ്റുകളാണ് ബിജെപി ഒഴിച്ചിട്ടിരിക്കുന്നത്. ലതിക സുഭാഷിന് സീറ്റുകിട്ടാതായതോടെ, ബിജെപി അവരെയും സമീപിച്ചു. എന്നാല്‍ അവിടെയും നിരാശയായിരുന്നു ഫലം. വാമനപുരം മണ്ഡലത്തില്‍ തഴഞ്ഞ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരെയും ബിജെപി സമീപിച്ചിരുന്നു എന്നാണ് വിവരം. അതേ സമയം, കെ സുരേന്ദ്രന്റെ മറുചേരിയിലുള്ള ശോഭ സുരേന്ദ്രന് മല്‍സരിക്കാന്‍ സീറ്റു നല്‍കിയിട്ടില്ല. എന്നാല്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും, രണ്ടിടത്തും മല്‍സരിക്കുന്നത് വലിയ സൗഭാഗ്യമെന്നായിരുന്നു ശോഭയുടെ പ്രതികരണം.

നേരത്തെ ബിഡിജെഎസിന് നല്‍കിയ വര്‍ക്കല ഉള്‍പ്പെടെ തലസ്ഥാന ജില്ലയിലെ ഒട്ടുമിക്ക സീറ്റുകളിലും സംസ്ഥാന നേതാക്കള്‍ മല്‍സരിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. പക്ഷേ, ഒടുവില്‍ നേരത്തെ പറഞ്ഞ കുമ്മനവും കൃഷ്ണദാസും മാത്രമേ ജില്ലയിലെ പട്ടികയിലുള്ളൂ. ഇവരാകട്ടെ കഴിഞ്ഞ തവണയും തിരുവനന്തപുരത്ത്് മല്‍സരിച്ചിരുന്നവരായിരുന്നു. അതേസമയം, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രണ്ടിടത്തു മല്‍സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടഭിപ്രായമുണ്ട്.

Tags: