തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രിയെ പിന്തുണച്ച് ബിജെപി. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയമുണ്ടെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
ദേവസ്വം ബോര്‍ഡിന്റേയും ദേവസ്വം മന്ത്രിയുടേയും ഉത്തരവാദിത്വമാണിത്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഇതിനു പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി, സോണിയ ഗാന്ധി എന്നിവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോട്ടോ രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടി. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെട്ട കുറവാ സംഘം ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
എസ്‌ഐടി നീക്കം സംശയകരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആവര്‍ത്തിച്ചു. കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനുമെതിരേ എല്ലാ തെളിവുകളും ഉണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാകുന്നില്ല. ഭണ്ഡാരം സൂക്ഷിക്കാന്‍ തന്ത്രിക്ക് അധികാരമില്ലെന്നിരിക്കെ, അദ്ദേഹത്തിന് സാമ്പത്തിക സഹായം ലഭിച്ചതായി റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലും പരാമര്‍ശമില്ല. യഥാര്‍ത്ഥ പ്രതികളെ മറച്ചുപിടിക്കാനാണ് തന്ത്രിയെ ബലിയാടാക്കുന്നത്. സോണിയ ഗാന്ധിക്ക് മന്ത്രച്ചരട് കെട്ടിയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധിയുടെ മൊഴി എന്തുകൊണ്ട് എടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
