ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്ന് ബിജെപി ചിന്തിക്കണ്ട: രമേശ് ചെന്നിത്തല

Update: 2026-04-11 11:10 GMT

തിരുവനന്തപുരം: കേരളത്തില്‍ ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കത്തോലിക്കാ മുഖപത്രത്തെ അധിക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ ഒരു നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ടുപോയി കൊടുക്കുകയും അല്ലാത്ത സമയത്ത് ബിജെപിയും സംഘപരിവാറും ചേര്‍ന്ന് ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും അവരുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാനുള്ള അധികാരവുമുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തുനിന്ന് പൊട്ടിവീണതല്ല. അവര്‍ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പറയാനും അവരുടെ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തമുള്ളവര്‍ തന്നെയാണ്. അവരെയൊക്കെ ഭീഷണിപ്പെടുത്തിക്കളയാം എന്ന ധാരണ ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ വിറപ്പിച്ചു നിര്‍ത്താം എന്നാണോ ബിജെപി കരുതുന്നത്. അതൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാമെന്നുള്ള ഒരു രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: