'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നു'; കേന്ദ്രസര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ വിഹിതത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രിയങ്ക് ഖാര്‍ഗെ

Update: 2025-10-21 07:49 GMT

ബെംഗളൂരു: കര്‍ണാടകയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ വിഹിതത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് തുടര്‍ച്ചയായി കൂടുതല്‍ പണം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളെ അവഗണിക്കുകയാണെന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ട വലിയ നഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, കേന്ദ്രം അനുവദിച്ച പണം പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

2025-26 വര്‍ഷത്തേക്കുള്ള കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ രണ്ടാം ഗഡുവായി 1,950.80 കോടി രൂപ മുന്‍കൂര്‍ അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച അംഗീകാരം നല്‍കിയിരുന്നു.

ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനായി കര്‍ണാടകയ്ക്ക് ആകെ 384.40 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 1,566.40 കോടി രൂപയും അനുവദിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.ഏറ്റവും കൂടുതല്‍ ജിഎസ്ടി പിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണെങ്കിലും ആവശ്യത്തിന് പണം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ നമ്മെ തകര്‍ക്കുന്നത് ഒരു പതിവ് രീതിയായി മാറുകയാണെന്ന് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

Tags: