അബ്രാഹ്മണരെ പുരോഹിതരായി നിയമിച്ചതിനെതിരേ ഹരജിയുമായി ബിജെപി; തമിഴ്‌നാട് സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

Update: 2022-08-29 15:50 GMT

ന്യൂഡല്‍ഹി: അബ്രാഹ്മണരെ പുരോഹിതരായി നിയമിച്ച നടപടി ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടിസ് അയച്ചു. ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്ന് അബ്രാഹ്മണരെ നിയമിച്ചതിനെതിരേയാണ് പരാതി.

അധികാരത്തിലെത്തി ഏറെ താമസിയാതെയാണ് ഡിഎംകെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയില്‍ അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ നിയമിച്ചത്. 2021 ആഗസ്റ്റ് 14ന് ഇറക്കിയ ഉത്തരവ് പ്രകാരം വ്യത്യസ്ത ജാതികളില്‍നിന്നുള്ള 208 പേര്‍ ക്ഷേത്രങ്ങളില്‍ നിയമിക്കപ്പെട്ടു.

ഹിന്ദു മത ചാരിറ്റബില്‍ ട്രസ്റ്റ് വകുപ്പാണ് നിയമന ഉത്തരവ് നല്‍കിയത്.

അതില്‍ 24 പേര്‍ക്ക് സര്‍ക്കാരിന്റെത്തന്നെ സ്ഥാപനങ്ങളിലും 34 പേര്‍ക്ക് മറ്റ് പാഠശാലകളിലും പരിശീലനം നല്‍കി.

അബ്രാഹ്മണരെ നിയമച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപി എംപി സ്വാമി അതിനെതിരേ ഹരജിയുമായി പോയത്. കരുണാനിധി ചെയ്ത അതേ തെറ്റാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിനും ചെയ്യുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.