'ജനഗണമന' ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യുന്നതിന് എഴുതിയതെന്ന് ബിജെപി എംപി; ബിജെപിക്ക് ടാഗോറിന്റെ സാര്‍വത്രിക മാനവികതയെ സഹിക്കാന്‍ കഴിയില്ലെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന യഥാര്‍ഥത്തില്‍ 'ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യുന്നതിനാണ്' എഴുതിയതെന്ന് ബിജെപി എംപി വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം അനുസ്മരിച്ച് കര്‍ണാടകയിലെ ഹൊന്നാവറില്‍ നടന്ന ഒരു പരിപാടിയിലാണ് പരാമര്‍ശം. ഇതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
'ജനഗണമന'യേക്കാള്‍ വലിയ പ്രാധാന്യം 'വന്ദേമാതരം' അര്‍ഹിക്കുന്നുവെന്നായിരുന്നു കഗേരിയുടെ വാദം. രണ്ടുഗാനങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്, പക്ഷേ, വന്ദേമാതരത്തിന് ഒരിക്കലും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല,' കഗേരി പറഞ്ഞു.
ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കഗേരിയുടെ പരാമര്‍ശങ്ങള്‍ തികച്ചും അസംബന്ധമാണെന്നും കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
1911ല്‍ രവീന്ദ്രനാഥ ടാഗോര്‍ 'ഭാരോട്ടോ ഭാഗ്യോ ബിധാത' എഴുതിയെന്നും അതില്‍ നിന്നുള്ള ആദ്യ ഖണ്ഡിക ഇന്ത്യയുടെ ദേശീയഗാനമായി മാറിയെന്നും ഖാര്‍ഗെ വ്യക്തമാക്കി. കല്‍ക്കട്ടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇത് ആദ്യമായി ആലപിച്ചത്. ജോര്‍ജ് അഞ്ചാമനെ സ്തുതിച്ചുകൊണ്ടല്ല, മറിച്ച് ഇന്ത്യയെ കുറിച്ചാണ് ഗാനമെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസിനുള്ളത് ഭരണഘടനയെയും ത്രിവര്‍ണ പതാകയെയും ദേശീയഗാനത്തെയും ദുര്‍ബലപ്പെടുത്തിയതിന്റെ ദീര്‍ഘകാല ചരിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഗേരിയുടെ പരാമര്‍ശങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വിമര്‍ശിച്ചു. 'ടാഗോറിന്റെ സാര്‍വത്രിക മാനവികതയെ ബിജെപിക്ക് സഹിക്കാന്‍ കഴിയില്ല. നമ്മുടെ ദേശീയഗാനത്തിന്റെ രചയിതാവിനെ അപമാനിക്കുന്നത് ഇന്ത്യയുടെ ആത്മാവിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്' എന്ന് പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
1911ല്‍ രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമന 1950 ജനുവരി 24ന് ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു. 1870കളില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയതും സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലായതുമായ വന്ദേമാതരം ദേശീയഗാനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനാ അസംബ്ലി രണ്ടിനും തുല്യ ബഹുമാനം നല്‍കിയിട്ടുണ്ടെങ്കിലും, ഭരണഘടനയില്‍ ദേശീയഗാനത്തെ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ.

