ബംഗാള്‍ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ കൂവലും ബഹളവും; പ്രസംഗം പാതി നിര്‍ത്തി ഗവര്‍ണര്‍ സഭ വിട്ട് പോയി
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ച് സഭ വിട്ടുപോയി. ഗവര്‍ണറുടെ പ്രസംഗം തുടങ്ങിയ മുതല്‍ പ്രതിപക്ഷ അംഗങ്ങളായ ബിജെപിഎംഎല്‍എമാര്‍ കൂവലും ബഹളവുമായിരുന്നു. കൂവലിന് ശമനമില്ലാതായപ്പോള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ പ്രസംഗം അവസാനിപ്പിച്ച് നിയമസഭയില്‍ ഇറങ്ങിപ്പോയി. പ്രസംഗം തുടങ്ങി പത്ത് മിനിട്ടോളം അദ്ദേഹം കാത്തിരുന്നെങ്കിലും ബഹളം അവസാനിച്ചില്ല. തുടര്‍ന്നാണ് ഇറങ്ങിപ്പോകല്‍.
തിരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശമുണ്ടോ എന്നായിരുന്നു ബിജെപി അംഗങ്ങള്‍ നോക്കിയിരുന്നത്. അതില്ലെങ്കില്‍ ബഹളം കൂട്ടാന്‍ അവര്‍ തീരുമാനിച്ചിരുന്നു. പരാമര്‍ശമില്ലെന്നു കണ്ടതോടെ ബിജെപിക്കാര്‍ ബഹളം തുടങ്ങി. തങ്ങളുടെ നയത്തില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ ഗവര്‍ണര്‍ പറയുമോ എന്നായിരുന്നു ത്രിണമൂലിന്റെ ശ്രദ്ധ. ഉണ്ടാവുകയാണെങ്കില്‍ ബഹളമുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്.
സര്‍ക്കാര്‍ എഴുതിക്കൊടുത്തതെല്ലാം വായിക്കുന്നതാണോ ഗവര്‍ണറുടെ ചുമതലയെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.