അനധികൃത കോളനികളെച്ചൊല്ലി ബിജെപി ആംആദ്മി തര്‍ക്കം മുറുകുന്നു

1797 അനധികൃത കോളനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉടമസ്ഥാവകാശം നല്‍കിയിരുന്നു.

Update: 2019-12-29 18:38 GMT

ന്യൂഡല്‍ഹി: അനധികൃത കോളനികളെ നിയമപരമാക്കുന്നതിനുള്ള പദ്ധതിയാണ് പിഎം-ഉദയ്(ആവാസ് അധികാര്‍ യോജന)എന്ന് ബിജെപി നിര്‍ലജ്ജം നുണ പറയുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പിഎം ഉദയ് അനധികൃത കോളനികളെയോ അതിലെ കെട്ടിടങ്ങളെയോ നിയമപരമാക്കാനുള്ളതല്ലെന്ന് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. പിഎം-ഉദയ് വഴി അനധികൃത കോളനികള്‍ നിയമപരമാക്കാന്‍ കഴിയില്ലെന്ന് സത്യം പറഞ്ഞ കേന്ദ്ര നഗരവികസന മന്ത്രിക്ക് കെജ്രിവാള്‍ നന്ദി പറഞ്ഞു.

ഡിഡിഎ വെബ്‌സൈറ്റില്‍ പിഎം ഉദയ് പദ്ധതി അനുസരിച്ച് അനധികൃത കോളനികള്‍ പിഎം ഉദയ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ നിയമപരമായി മാറുമെന്ന മട്ടില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്. ഇതേ ചൊല്ലിയാണ് കെജ്രിവാളും ബിജെപിയും തമ്മിലുളള തര്‍ക്കം തുടങ്ങിയത്. അതേസമയം മറ്റൊരു ചോദ്യത്തിന് ഉത്തരമായി അത് സാധ്യമല്ലെന്നും പറയുന്നുണ്ട്.

കെജ്രിവാള്‍ കേന്ദ്ര പദ്ധതികളുടെ ക്രഡിറ്റ് തട്ടിയെടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. 1797 അനധികൃത കോളനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉടമസ്ഥാവകാശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സംസ്ഥാന സര്‍ക്കാരും തമ്മില്‍ അനധികൃത കോളനികളെ ചൊല്ലി കടുത്ത തര്‍ക്കം നടക്കുകയാണ്.


Tags:    

Similar News