ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പോലും പരിഗണിക്കുന്നില്ല; ജനസംഖ്യാ നിയന്ത്രണ നിയമത്തിനെതിരേ ജയ്‌റാം രമേശ്

Update: 2021-07-17 17:23 GMT

ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കാര്യത്തില്‍ ബിജെപി നേതാക്കളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട സര്‍വേ കണക്കുകള്‍ പോലും പരിഗണിക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ്.

2018-19 വര്‍ഷത്തെ ഇക്കണോമിക്‌സ് സര്‍വേ റിപോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് ജയ്‌റാം രമേശ് കേന്ദ്ര ബിജെപി നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമെതിരേ വിമര്‍ശനം അഴിച്ചുവിട്ടത്. രാജ്യത്തെ പല സംസ്ഥാനങ്ങളും ജനസംഖ്യ കുറയാതിരിക്കുന്നതിന് ആവശ്യമായ പ്രത്യുല്‍പ്പാദന നിരക്കിന്റെ താഴെയാണെന്നും പല സംസ്ഥാനങ്ങളും 2030ഓടെ ആ അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 2030ഓടെ ജനസംഖ്യ കുറയുന്ന അവസ്ഥയിലേക്ക് മാറും. 2031ഓടെ രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ആ അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് പ്രത്യുല്‍പ്പാദന നിരക്ക് 2.1ലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു രാജ്യത്ത് ജനസംഖ്യ താഴോട്ട് പോകാതിരിക്കണമെങ്കില്‍ ഒരു സ്ത്രീക്ക് 2.1 കുട്ടികളുണ്ടാവണം. അതില്‍ കുറഞ്ഞാല്‍ ജനസംഖ്യ കുറഞ്ഞുവരും. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും ജനസംഖ്യകുറയുന്ന അവസ്ഥയിലാണ്. മിക്ക സംസ്ഥാനങ്ങളും 2030ഓടെ ആ അവസ്ഥയിലെത്തും. ഇത്തരം സര്‍വേ വിവരങ്ങള്‍ കണക്കിലെടുക്കാതെയാണ് ബിജെപി നേതാക്കള്‍ ജനസംഖ്യാ നിയന്ത്രണ നിയമവുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.