തലപ്പാവ് അണിയാന്‍ പോലും അനുവദിച്ചില്ലെന്ന്: ഡല്‍ഹിയില്‍ സിഖുകാരനായ ബിജെപി നേതാവിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് പാര്‍ട്ടി നേതൃത്വം

Update: 2022-05-06 06:41 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷപരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായ സിഖ്കാരനായ ബിജെപി നേതാവിനെ ടര്‍ബന്‍ അണിയാന്‍ പോലും അനുവദിച്ചില്ലെന്ന വിമര്‍ശനവുമായി പാര്‍ട്ടി വക്താവ്. ഡല്‍ഹി ബിജെപി നേതാവ് തജിന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗയുടെ അറസ്റ്റിനെതിരേയാണ് ബിജെപി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡല്‍ രംഗത്തെത്തിയത്. മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് തജീന്ദറിനെ പഞ്ചാബ് പോലിസ് ഡല്‍ഹിയിലെ വസതിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

50ഓളം പോലിസുകാര്‍ തങ്ങളുടെ നേതാവിന്റെ വസതിയില്‍ ഇടിച്ചുകയറി കയ്യോടെ കൊണ്ടുപോയെന്നും തലയില്‍ ടര്‍ബന്‍ അണിയാന്‍ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.  

വീഡിയോ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മുഖത്തടിച്ചുവെന്ന് ബഗ്ഗയുടെ പിതാവ് പരാതിപ്പെട്ടു. തന്റെ വസതിയിലേക്ക് 10-15 പേരടങ്ങുന്ന പോലിസ് സംഘമാണ് എത്തിയതെന്ന് തജിന്ദര്‍ പറഞ്ഞു. അവിടെനിന്ന് വലിച്ചിഴച്ചാണത്രെ കൊണ്ടുപോയത്.

അഞ്ച് തവണ നോട്ടിസ് അയച്ചിട്ടും ബഗ്ഗ ഹാജരാവാന്‍ കൂട്ടാക്കിയില്ലെന്ന് പഞ്ചാബ് പോലിസ് പറഞ്ഞു.

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബഗ്ഗയെ പഞ്ചാബ് കോടതിയില്‍ ഹാജരാക്കും. മൊഹാലിയിലെ സാഹിബ്‌സാദ അജിത് സിംഗ് നഗര്‍ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ വലിയ വിമര്‍ശകരിലൊരാളാണ് ബഗ്ഗ. കശ്മീര്‍ ഫയല്‍ സിനിമയുമായി ബന്ധപ്പെട്ട ട്വീറ്റാണ് ബഗ്ഗയ്ക്ക് വിനയായത്.

അരവിന്ദ് കെജ്രിവാളിനെതിരേ ഭീഷണി മുഴക്കിയതിനെതിരേയാണ് കേസെന്ന് എഎപി എംഎല്‍എ നരേഷ് ബല്യാന്‍ പറഞ്ഞു.

പഞ്ചാബ് പോലിസ് മുന്‍കൂട്ടി വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് പോലിസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.