പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോള്‍

Update: 2026-02-21 05:25 GMT

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ബലാല്‍സംഗക്കേസിലെ കുറ്റക്കാര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണ് സര്‍ക്കാര്‍ പത്മരാജന് പരോള്‍ നല്‍കിയത്. തലശേരി പോക്‌സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്നു മാസം ആകുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍. ശിക്ഷ റദ്ദാക്കണമെന്ന പത്മരാജന്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അവധി അനുവദിച്ചിരിക്കുന്നത്.

ഫ്രെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാല്‍ സൂപ്രണ്ട് നല്‍കിയ പരോളിന് ശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജന്‍ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.

പരോള്‍ അനുവദിച്ചത് ജയില്‍ ചട്ടത്തിന് വിരുദ്ധമെന്നാണ് ആരോപണം. ചട്ടത്തിലെ 307 വകുപ്പ് പ്രകാരം ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തിലുള്ള സാധാരണ പരോളുകള്‍ അനുവദിക്കാന്‍ പാടില്ലയെന്നാണ്. മരണം ഉള്‍പ്പെടേയുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ അനുവദിക്കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിന് അഞ്ച് ദിവസം കൂടി അധികമായി നല്‍കാം എന്നിങ്ങനെയാണ് കണക്ക്. ഇത് മറികടന്നാണ് പരോള്‍ അനുവദിച്ചത്. ഹൈക്കോടതിക്ക് പോലും ഇത്തരം കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ നിയമപരമായി തടസം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി വിധിച്ചത്. 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ഒരു ലക്ഷം പിഴയും(20 വര്‍ഷം വീതം)ശിക്ഷ വിധിച്ചിരുന്നു. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയുടെതായിരുന്നു ശിക്ഷാവിധി. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

Tags: