വോട്ട് എവിടെ എന്ന് വ്യക്തതയില്ല: കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ഥി പി കെ കൃഷ്ണദാസിന്റെ പത്രിക മാറ്റിവച്ചു

Update: 2021-03-20 11:48 GMT

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പി കെ കൃഷ്ണദാസിന്റെ പത്രിക മാറ്റിവച്ചു. ബിജെപി ദേശീയ സമിതിയംഗമായ പി കെ കൃഷ്ണദാസിന്റെ വോട്ട് എവിടെ എന്നു വ്യക്തമാക്കാത്തതാണ് പത്രിക മാറ്റിവയ്ക്കാന്‍ കാരണം. തിങ്കളാഴ്ച വോട്ടര്‍പട്ടികയുടെ കോപ്പി സമര്‍പ്പിക്കാം എന്ന വ്യവസ്ഥയില്‍ കൃഷ്ണദാസിന്റെ പത്രിക മാറ്റി വച്ചിരിക്കുകയാണ്. കണ്ണൂരിലെ വോട്ടര്‍ പട്ടികയില്‍ നിന്നും കൃഷ്ണദാസിന്റെ പേര് നീക്കം ചെയ്തിരുന്നു. കാട്ടക്കാടയിലേക്ക് പേര് മാറ്റിയിരുന്നെങ്കിലും അന്തിമ വോട്ടര്‍ പട്ടിക പുറത്ത് വന്നിട്ടില്ല. ഇതോടെയാണ് പത്രിക സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വമുണ്ടായത്. 2016ലെ തിരഞ്ഞെടുപ്പില്‍ കൃഷ്ണദാസിന് 38700 വോട്ട് ലഭിച്ചിരുന്നു. ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നിവിടങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുടെ പത്രിക തള്ളിയത് സിപിഎമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Tags: