പട്‌ന: നിതീഷ്‌കുമാറിനെ കണ്‍ട്രോള്‍ ചെയ്യുന്നത് ബിജെപിയാണെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. നിതീഷ് കുമാറിന്റെ നേതൃത്വം ഒരു മുഖംമൂടി മാത്രമാണെന്നും യഥാര്‍ഥ അധികാരം ബിജെപിയുടെ കൈകളിലാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. മുസാഫര്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പരാമര്‍ശം.
ബിജെപിയുടെ കൈകളിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്നും അവര്‍ക്ക് സാമൂഹിക നീതിയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 'ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ പറഞ്ഞിരുന്നു. അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല. ബിജെപി സാമൂഹിക നീതിക്ക് എതിരാണ്. അവര്‍ക്ക് അത് വേണ്ട. 'രാഹുല്‍ഗാന്ധി വ്യക്തമാക്കി.
ബിഹാറിലെ ജനങ്ങളെ നിതീഷ്‌കുമാര്‍ പറ്റിക്കുകയാണെന്നും നിതീഷിന്റെ ഭരണം സംസ്ഥാനത്തെ തകര്‍ത്തുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബിഹാറില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ നിതീഷ്‌കുമാറിനായില്ലെന്നും ഇത്തരത്തിലുള്ളൊരു ബിഹാറാണോ നിങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.