ബിജെപി ബിഹാറികളുടെ രണ്ട് തലമുറകളെ നശിപ്പിച്ചു: തേജസ്വി യാദവ്

Update: 2025-10-27 06:04 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനൊരുങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍. മഹാസഖ്യത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച പ്രചാരണത്തിന് തുടക്കം കുറിക്കും. നാളെ അവര്‍ ബെഗുസാരായി സന്ദര്‍ശിക്കുകയും ജില്ലയിലെ ബച്വാരയില്‍ ഒരു റാലി നടത്തുകയും ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 29 ന് എത്തുമെന്നാണ് റിപോര്‍ട്ട്.

അതേസമയം, ബിഹാര്‍ മാറ്റത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഒരു പുതിയ ബീഹാര്‍ സൃഷ്ടിക്കുന്നതിനാണ്. കെട്ടിക്കിടക്കുന്ന വെള്ളം ചീഞ്ഞഴുകുന്നത് പോലെ, ഈ എന്‍ഡിഎ സര്‍ക്കാരും അങ്ങനെ തന്നെയായെന്നും അദ്ദേഹം പറഞ്ഞു.

ഒരേ വിത്ത് 20 വര്‍ഷമായി ഒരേ വയലില്‍ വിതയ്ക്കുന്നത് വയലിനെയും വിളയെയും നശിപ്പിക്കുന്നതുപോലെ, രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഈ സര്‍ക്കാര്‍ ബിഹാറികളുടെ രണ്ട് തലമുറകളെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷ് കുമാര്‍ മുഖ്യമന്ത്രി മുഖമായിരിക്കുമെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. നവംബര്‍ ആറിനും 11 നും രണ്ടുഘട്ടങ്ങളിലായി 18-ാമത് ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ 18 ജില്ലകളിലായി 121 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 20 ജില്ലകളിലായി 122 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. ഈ രണ്ട് ഘട്ടങ്ങളിലായി ആകെ 2,616 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്.

Tags: