ബിജെപി സര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പം: അസദുദ്ദീന്‍ ഉവെസി

Update: 2025-11-21 06:33 GMT

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവെസി. 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവരെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'യോഗി ക്രമസമാധാനത്തെക്കുറിച്ച് ഗംഭീര പ്രസ്താവനകള്‍ നടത്തുന്നു, പക്ഷേ ബിജെപിയുടെ യഥാര്‍ത്ഥ മുഖം ഇതാണ്, അവര്‍ എപ്പോഴും കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കും' അസദുദ്ദീന്‍ ഉവെസി പറഞ്ഞു. 2015ലാണ് ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്ന വ്യാജാരോപണത്തിന്റെ പേരില്‍ അഖ്ലാഖിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. അക്കാലത്ത് ഇന്ത്യക്കാര്‍ക്ക് ആള്‍ക്കൂട്ട കൊലപാതകം എന്താണെന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് അത് സാധാരണമായി മാറിയിരിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.

അഖ്ലാഖിന്റെ കൊലയാളികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് തിരുമാനിച്ചത് സാമൂഹിക ഐക്യത്തിനെതിരാണ്. അനീതിയുള്ളിടത്ത് ഒരിക്കലും ഐക്യമുണ്ടാകില്ലെന്നും ഉവൈസി പറഞ്ഞു.

2015 സെപ്റ്റംബര്‍ 28 ന് രാത്രിയിലാണ് ബീഫ് കൈവശം വച്ചെന്നാരോപിച്ച് അഖ്ലാഖിനെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചുകൊന്നത്. സംഭവത്തില്‍ ദേശീയതലത്തിലുള്ള പ്രതിഷേധം ഉയര്‍ന്നെങ്കിലും കൊലപാതകക്കുറ്റം ചുമത്തപ്പെട്ട 18 ഗ്രാമീണരും 2017 സെപ്റ്റംബറോടെ ജാമ്യത്തില്‍ പുറത്തിറങ്ങി. കൊലപാതകം (302), കൊലപാതകശ്രമം (307), സ്വമേധയാ പരിക്കേല്‍പ്പിക്കല്‍ (323), സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന മനപ്പര്‍വമായ അപമാനം (504), ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ (506) എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും കേസിലെ പ്രതിയാണ്.

Tags: