'ബിജെപി വോട്ടുകച്ചവടം നടത്തി, 10 മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിച്ചത് ബിജെപി വോട്ടി'ലെന്ന് പിണറായി

Update: 2021-05-03 13:09 GMT

തിരുവനന്തപുരം: വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് വിജയിച്ച പത്ത് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫുമായി വോട്ടുകച്ചവടം നടത്തി. ഇതിന് പുറമെ സംസ്ഥാനത്ത് 90 മണ്ഡലങ്ങളില്‍ വോട്ടു കച്ചവടം നടന്നു. ഇത് നേതൃതലത്തിലുള്ള ധാരണപ്രകാരമായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടില്‍ ഇത്തവണ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2016ലെ തിരഞ്ഞെടുപ്പില്‍ നിന്ന് 4,28531 വോട്ടിന്റെ കുറവാണ് ഇത്തവണ ബിജെപി വോട്ടില്‍ ഉണ്ടായിരിക്കുന്നത്. എല്ലാ ജില്ലകളിലും ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. ബിജെപി വോട്ട് മറിച്ചില്ലായിരുന്നുവെങ്കില്‍ യുഡിഎഫിന്റെ പതനം കൂടുതല്‍ ദയനീയമായേനേ. പുതിയ വോട്ടര്‍മാരുടെ വര്‍ധനവിന്റെ ഗുണഫലം എന്തുകൊണ്ട് ബിജെപിക്ക് മാത്രം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് 4.28 ലക്ഷം വോട്ടു കുറഞ്ഞപ്പോള്‍ യുഡിഎഫിന് നാല് ലക്ഷം വോട്ട് കൂടി. ജെ മെഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ട കുണ്ടറയില്‍, ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്ന് 14160 വോട്ട് കുറഞ്ഞു. യുഡിഎഫിന് 4054 വോട്ടിന്റെ ഭൂരിപക്ഷമാണ് അവിടെ ലഭിച്ചത്. കെ ബാബു വിജയിച്ച തൃപ്പൂണിത്തുറയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 992 വോട്ടായിരുന്നു. അവിടെ ബിജെപിയുടെ 6087 വോട്ടാണ് കുറഞ്ഞത്. പാലായില്‍ ജോസ് കെ മാണി തോറ്റതും ബിജെപി വോട്ട് കച്ചവടം ചെയ്തതിനാലാണ്. ചാലക്കുടിയിലും കോവളത്തും ബിജെപി വോട്ടു മറിച്ചു. ബിജെപി വോട്ടു മറിച്ചതില്‍ കച്ചവട താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ നേതാക്കള്‍ വന്ന് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പില്‍, വോട്ടു കച്ചവടം നടന്നതിനെ സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വം അന്വേഷണം നടത്തണം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയുള്ള നിലപാടില്‍ മാറ്റമില്ലെന്നും ഇടക്ക് നിര്‍ത്തിവച്ച ജുഡിഷ്വല്‍ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനവിശ്വാസം അട്ടിമറിക്കാന്‍ സുകുമാരന്‍ നായരുടെ പ്രസ്താവനകൊണ്ട് കഴിയുമായിരുന്നില്ല. ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും കെയുഡബ്ലിയുജെ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News