പട്‌ന: യുപിയില്‍ നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ജനസംഖ്യാ നിയമത്തിനു സമാനമായ നിയമം ബീഹാറിലും വേണമെന്ന് ബീഹര്‍ ബിജെപി മേധാവി ഡോ. സഞ്ജയ് ജെയ്‌സ്വള്‍. ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടത് നിയമമല്ല, അവബോധമാണെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികരണവുമായി ബിജെപി വെസ്റ്റ് ചംബാരന്‍ എംപി കൂടിയായ ജെയ്‌സ്വാള്‍ രംഗത്തെത്തിയത്. വിദ്യാഭ്യാസവും അവബോധവും നിയമത്തോടൊപ്പം പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം രണ്ട് മക്കളില്‍ കൂടുതലുളളവര്‍ക്ക് തിരഞ്ഞെടുപ്പിന് നില്‍ക്കുന്നതിന് അയോഗ്യത കല്‍പ്പിക്കാനുള്ള നിയമം കൊണ്ടുവരുമെന്ന് ബിജെപി പഞ്ചായത്തിരാജ് മന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. അത്തരം നിയമം തദ്ദേശ സ്ഥാപനങ്ങളിലുണ്ട്. അത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2007 ല്‍ ബീഹാറില്‍ രണ്ട് മക്കളില്‍ കൂടുതലുണ്ടാവരുതെന്ന നിയമം കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പോല്‍ ഒരു കുട്ടി മാത്രമേ പാടുള്ളു എന്ന നിയമം കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാവുമായിരുന്നില്ലെന്ന് ജെയ്‌സ്വാള്‍ പറഞ്ഞു.
യുപിയിലെ നിയമത്തിനു സമാനമായ നിയമം ബീഹാറില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാടിലാണ് നിതീഷ് കുമാര്‍ നില്‍ക്കുന്നതെങ്കിലും ബിജെപി നേരെ എതിര്‍നിലപാടിലാണ് ഉള്ളത്.