പക്ഷിപ്പനി: മഹാരാഷ്ട്ര റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Update: 2021-01-07 08:58 GMT

മുംബൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സംസ്ഥാനവ്യപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സുനില്‍ കേദാര്‍ ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇതുവരെ പക്ഷിപ്പനി കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെയുളള റിപോര്‍ട്ട് അനുസരിച്ച് ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രോഗം കണ്ടെത്തുകയാണെങ്കില്‍ ഉപയോഗിക്കാനായി വാക്‌സിനും മരുന്നുകളും സംഭരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

താനെയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പക്ഷികളുടെ സാംപിള്‍ പരിശോധനയ്ക്കുവേണ്ടി അയച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് പക്ഷിപ്പനിയുടെ രണ്ട് തരത്തിലുള്ള വകഭേദമാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. ഒന്ന് കേരളത്തില്‍ കണ്ടെത്തിയതും മറ്റൊന്ന് ഹരിയാനയില്‍ കണ്ടെത്തിയതും. രണ്ടും ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നതായി റിപോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

Tags:    

Similar News