പക്ഷിപ്പനി: കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം നല്‍കി ഫറോക്ക് നഗരസഭ
വഴിയോരങ്ങളിലെ ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയ യങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
ഫറോക്ക്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലായി കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം നല്‍കി ഫറോക്ക് നഗരസഭ. നഗരസഭാ മേഖലയില്‍ കോഴി ഇറച്ചി, ഷവര്‍മ്മ, കുഴിമന്തി എന്നിവയുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വിഭാഗമാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ കടകളില്‍ നേരിട്ട് ചെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
വഴിയോരങ്ങളിലെ ഐസ് ഉപയോഗിച്ചുള്ള ശീതളപാനീയങ്ങള്‍, പാനിപൂരി, കുല്‍ഫി എന്നിവയുടെ വില്‍പ്പനയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നഗരസഭാ നടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്നും വ്യാപാരികളും അറിയിച്ചു. കോഴിക്കോടിനു പുറമെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.