പക്ഷിപ്പനി; യുപിയിലെ എല്ലാ മൃഗശാലകളും അടച്ചിടും

Update: 2025-05-15 11:01 GMT

ലഖ്‌നോ: പക്ഷിപ്പനിയെ തുടര്‍ന്ന് യുപിയിലെ എല്ലാ മൃഗശാലകളും മെയ് 20 വരെ അടച്ചിടാന്‍ ഉത്തരവിട്ട് കേന്ദ്ര മൃഗശാല അതോറിറ്റി. സംസ്ഥാന മൃഗശാലകളിലെയും സഫാരി പാര്‍ക്കുകളിലെയും എല്ലാ മൃഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അഞ്ചംഗ സംഘത്തെ രൂപീകരിച്ചു.

സംഘം,വിഷയത്തില്‍ 15 ദിവസത്തിനുള്ളില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കും, അതിനുശേഷം മൃഗസംരക്ഷണം സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വന്യജീവി) അനുരാധ വെമുറി പറഞ്ഞു. ലഖ്‌നൗ, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലും ഇറ്റാവ സഫാരിയിലും പ്രത്യേക നിരീക്ഷണ സംവിധാനവും കര്‍ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരോടും മൃഗങ്ങളുടെ ആരോഗ്യ പരിശോധനകള്‍ പതിവായി നടത്താനും ക്രമക്കേടുകള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും വെമുറി പറഞ്ഞു.

ഗോരഖ്പൂര്‍ മൃഗശാലയിലെ കടുവയാണ് പനി ബാധിച്ച് ചത്തത്. ഇതിനേ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കടുവക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Tags: