പക്ഷിപ്പനി; ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Update: 2025-12-23 15:01 GMT

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ഇല്ലാതാക്കുന്നത്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജില്ലയില്‍ തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനുള്ള ദ്രുതകര്‍മ സേന സജ്ജമായി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ കോഴികള്‍ക്കും താറാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ് രോഗം. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ക്രിസ്മസ് സീസണില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് താറാവ് കര്‍ഷകര്‍.

ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

'ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം ലഭിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.' വീണാ ജോര്‍ജ് വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശം;

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

പക്ഷികളുടെ പച്ചമാംസം, കാഷ്ടം(വളത്തിനും മറ്റും)കൈകാര്യം ചെയ്യുന്നവര്‍ക്ക് റിസ്‌ക് കൂടുതലായതിനാല്‍ മാസ്‌കുകള്‍, കൈയുറകള്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. തൊഴിലിന്റെ ഭാഗമായി പച്ച മാംസം കൈകാര്യം ചെയ്യുന്നവര്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കണം. പച്ച മാസം ഒരു കാരണവശാലും കഴിക്കരുത്.

Tags: