ബീര്‍ഭം കൂട്ടക്കൊല: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Update: 2022-03-25 10:13 GMT

ബീര്‍ഭം: ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളില്‍ എഫ്‌ഐആറും അതനുസരിച്ചുള്ള അന്വേഷണ പുരോഗതി അറിയിക്കാനും ഉത്തവിട്ടിട്ടുണ്ട്.

ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിവരങ്ങളും അറിയിക്കണം.

മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച് പ്രദേശത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. മൃതദേഹങ്ങളുടെ അവസ്ഥ മോശമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ രാംപൂര്‍ഹട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 

മൂന്ന് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാംപൂര്‍ഹട്ടിലാണ് സംഭവം നടന്നത്. 

Tags: