ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

Update: 2020-11-02 03:05 GMT
ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈദ്യപരിശോധ നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. ബിനീഷിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കോടതിയെ സമീപിക്കും.


അതേസമയം, നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാതിരുന്ന ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകന്‍ കോടതിയെ അറിയിക്കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്‍കും. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇന്നലെ ബിനീഷിനെ രാത്രി 9 മണിയോടെ ആശുപത്രിയില്‍ നിന്നും രാത്രി താമസിക്കുന്ന സ്റ്റേഷനിലേക്ക് ബിനീഷിനെ മാറ്റിയത്.