ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതിയുടെ തിരുവനന്തപുരം മാര്‍ച്ചില്‍ പങ്കെടുത്ത അമ്പത് പേര്‍ക്കെതിരേ പോലിസ് കേസ്

Update: 2022-01-12 15:32 GMT

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തകയും അധ്യാപികയുമായി അഡ്വ. ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രണങ്ങളില്‍ പ്രതിഷേധിച്ച് ബിന്ദു അമ്മിണി ഐക്യദാര്‍ഢ്യ സമിതി നടത്തിയ മാര്‍ച്ചിനെതിരേ പോലിസ് കേസ്. ലഹളയുണ്ടാക്കാന്‍ ഒത്തുകൂടിയെന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഡോ സോണിയ ജോര്‍ജ്ജ്, എം സുല്‍ഫത്ത്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവരുള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. എല്ലാവര്‍ക്കുമെതിരേ ഐപിസിയിലെ 143,147,149, 283 തുടങ്ങിയ വകുപ്പുകളും ചുമത്തി. മ്യൂസിയം പോലിസാണ് കേസെടുത്തിട്ടുളളത്. 

അഡ്വ. ബിന്ദു അമ്മിണിക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന സംഘ പരിവാര്‍ ആക്രമണങ്ങള്‍ക്കും കേരള പോലിസ് തുടരുന്ന ബോധപൂര്‍വ്വമായ അനാസ്ഥയ്ക്കുമെതിരെയാണ് ഐക്യദാര്‍ഢ്യസമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രൊഫ: കുസുമം ജോസഫ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു.

ശബരിമല സ്ത്രീ പ്രവേശനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ തുടര്‍ച്ചയാണെന്നും ആ തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതയുള്ള ബിന്ദു അമ്മിണിക്കു നേരെ തുടര്‍ച്ചയായ അക്രമണം നടക്കുന്നത് കേരളത്തിലെ അഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണെന്നും കുസുമം ജോസഫ് പറഞ്ഞു. അക്രമികളെ അറസ്റ്റു ചെയ്ത് നിയമനടപടിക്ക് വിധേയമാക്കാതിരിക്കുന്നത് അക്രമങ്ങള്‍ക്ക് കൊടുക്കുന്ന മൗനാനുവാദമായി വിലയിരുത്തപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

വെള്ളയമ്പലം അക്കമ്മ ചെറിയാന്‍ പാര്‍ക്കിനു സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പോലിസ് തടഞ്ഞു. എം സുല്‍ഫത്ത്, ശീതള്‍ ശ്യാം, എം കെ ദാസന്‍, കെ വേണുഗോപാല്‍, സബീന ലുക്മാന്‍, ടി എസ് പ്രദീപ് തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡോ..സോണിയ ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു. ശ്രീജനെയ്യാറ്റിന്‍കര സ്വാഗതവും സീറ്റ ദാസന്‍ നന്ദിയും പറഞ്ഞു.

Tags: