ചിറ്റൂര്‍: യുവാവിനെ ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. പൊല്‍പ്പുള്ളി അമ്പലപ്പറമ്പ് സ്വദേശിയായ ശരത് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശരത്തിന്റെ ഭാര്യസഹോദരിയുടെ ഭര്‍ത്താവായ പൊല്‍പ്പുള്ളി വടക്കംപാടം വേര്‍കോലി സ്വദേശി പ്രമോദ് കുമാര്‍ (41) നെ ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
വര്‍ഷങ്ങളായി ഭാര്യ രാജിയുമായി അകന്ന് കഴിയുന്ന പ്രമോദ് കുമാറിന്റെ മകന്‍ രാജിയോടൊപ്പമാണ് താമസം. അമ്പാട്ടുപാളയത്ത് വാടകയ്ക്ക് താമസിക്കുന്ന രാജി, കെവിഎം യുപി സ്‌കൂളില്‍ പഠിക്കുന്ന മകനെ സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് എത്തിക്കാന്‍ ബന്ധുവായ ശരത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കുട്ടിയുമായി സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന ശരത്തിനെ സ്‌കൂള്‍ പരിസരത്ത് കെട്ടിടനിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രമോദ് കുമാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന ബൈക്കിന്റെ താക്കോല്‍ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തില്‍ പ്രമോദ് കുമാര്‍ കുത്തിയതായാണ് പോലിസ് പറയുന്നത്.
രക്തം വാര്‍ന്നുകിടന്ന ശരത്തിനെ പ്രമോദും സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകളും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലിസ് അറിയിച്ചു. മുന്‍പ് ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ പ്രമോദ് കുമാറിനെതിരേ ചിറ്റൂര്‍ പോലിസ് കേസെടുത്തിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.