കൊല്ലത്ത് യുവാവ് മരിച്ചത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചല്ല, കാറിടിച്ച്; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം മടത്തറയിൽ യുവാവ് അപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടം നടന്നത് കാട്ടുപന്നി ഇടിച്ചല്ല, മറിച്ച് ബൈക്കിൽ കാറിടിച്ചാണ് എന്നാണ് പോലിസിൻ്റെ കണ്ടെത്തൽ.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നാണ് കൊല്ലം മടത്തറ സ്വദേശി ആദർശ് ബൈക്ക് മറിഞ്ഞ് മരിച്ചത്. സമീപം കാട്ടു പന്നി ചത്തു കിടക്കുന്നതിനാൽ അപകടം നടന്നത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചാണ് എന്നായിരുന്നു സ്ഥിരീകരണം. എന്നാൽ കാട്ടുപന്നിയെ ഇടിച്ച ഒരു കാറ് നിയന്ത്രണം വിട്ട് ആദർശ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡിൽ കണ്ടെത്തിയ കാറിൻ്റെ ചില അവശിഷ്ടങ്ങൾ കേദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, ടൊയോട്ടോ കാറാണ് ആദർശിനെ ഇടിച്ചിട്ടതെന്ന നിഗമനത്തിൽ പോലിസ് എത്തിയത്. കാർ ഓടിച്ചിരുന്നത് തമിഴ്നാട് സ്വദേശിയാണ്.
ആദർശിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. റോഡിൽ ഏറെ നേരം രക്തം വാർന്നു കിടന്നാണ് ആദർശ് മരണപ്പെട്ടത്. സംഭവത്തിൽ അബ്ദുൾ ഖാദർ എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു