ബിഹാര്‍ തിരഞ്ഞെടുപ്പ്; ഇടത് പാര്‍ട്ടികളെ എഴുതി തള്ളാനാവില്ല; സീതാറാം യെച്ചൂരി
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷത്തെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആവശ്യകതയാണ്.'ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള ഞങ്ങളുടെ ആവശ്യവുമായി ഞങ്ങള്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്നു.ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന കാര്യം നേരത്തെ മുതല്‍ വ്യക്തമായിരുന്നു. ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ മഹാസഖ്യത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.'- സീതാറാം യെ്ച്ചൂരി പറഞ്ഞു.
ബിഹാറില്‍ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. സിപിഎം, സിപിഐ(എംഎല്‍), സിപിഐ എന്നീ പാര്‍ട്ടികളാണ് മത്സരിച്ചത്. സിപിഎം രണ്ട് സീറ്റില്‍ വിജയിച്ചു. സിപിഐ(എംഎല്‍) 11 സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് ജയിച്ചത്. മികച്ച പ്രകടനമാണ് ഇടതുകക്ഷികള്‍ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.