ബീഹാറില്‍ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്: നിതീഷ് കുമാര്‍ മുഖ്യമന്ത്രി, സ്പീക്കര്‍ പദവി ബിജെപിക്ക്, മന്ത്രിമാരായി പുതുമുഖങ്ങള്‍ക്ക് സാധ്യത

Update: 2020-11-16 08:59 GMT

പട്‌ന: ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നതോടെ ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയാവും. ഇത് നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിപദവിയിലെത്തുന്നത്. ഇത്തവണത്തെ മന്ത്രിസഭയില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

ജെഡിയുവില്‍ നിന്നും ബിജെപിയില്‍ നിന്നും ചെറുപാര്‍ട്ടികളായ വികഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ നിന്നും ഹിന്ദുസ്താനി അവാം മോര്‍ച്ച സെക്കുലര്‍ പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ അംഗങ്ങളുണ്ടാവും.

ഇപ്പോള്‍ പുറത്തുവന്ന വിവരമനുസരിച്ച് ജെഡിയുവില്‍ നിന്നും ബിജെപിയില്‍ നിന്നും വികഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ നിന്നും ഹിന്ദുസ്താന്‍ അവാം മോര്‍ച്ചയില്‍ നിന്നും മന്ത്രിസഭയില്‍ പതിനാലോളം പേര്‍ അംഗങ്ങളാകും. അതില്‍ നിരവധി പുതുമുഖങ്ങളും ഉള്‍പ്പെടും.

ബിജെപിയില്‍ നിന്നുള്ള ശ്രേയസി സിങാണ് പരിഗണിക്കപ്പെടുന്ന ജെഡിയുവില്‍ നിന്നുള്ള പുതുമുഖം. മുന്‍ ഡയറക്ടര്‍ ജനറലായ സുനില്‍കുമാറും ജെഡിയു സീറ്റില്‍ നിന്ന് മന്ത്രിയാവും.

ബിജെപിക്കാണ് സ്പീക്കര്‍ സ്ഥാനമെന്നതില്‍ ഏകദേശം ധാരണയായിട്ടുണ്ട്. ആര്‍ജെഡി ചെറുപാര്‍ട്ടികളെ കൊക്കിലൊതുക്കാനുള്ള സാധ്യതയുണ്ടെന്നതുകൊണ്ട് നിയമസഭയിലെ മേധാവിത്തം ബിജെപി ആഗ്രഹിക്കുന്നുണ്ട്. മഹാസഖ്യം എച്ച്എഎം(എസ്) , വികഷീല്‍ എംഎല്‍എമാരെ വിലക്കെടുക്കുമെന്നാണ് ബിജെപിയുടെ ഭീതി.

ഇടത് പാര്‍ട്ടികളും ആര്‍ജെഡിയും കോണ്‍ഗ്രസ്സുമാണ് മഹാസഖ്യത്തിലുള്ളത്.

മുന്‍ മന്ത്രി നന്ദ്കിഷോര്‍ യാദവ്, മുന്‍ ഡെപ്യട്ടി സ്പീക്കര്‍ അമരേന്ദ്ര പ്രതാപ് സിങ് തുടങ്ങിയവരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍.

ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുമെന്ന് കരുതുന്നു.

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് കരുതുന്നു.

ഉപമുഖ്യമന്ത്രി ബിജെപിയില്‍ നിന്നായേക്കും. മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാറിന് സാധ്യത പറഞ്ഞിരുന്നെങ്കിലും അദ്ദേഹം കേന്ദ്രത്തിലേക്ക് പോകാനുള്ള സാധ്യത പുറത്തുവന്നിട്ടുണ്ട്.

നാല് തവണ എംഎല്‍എയായ രേണു കുമാരിയാണ് ഉപമുഖ്യമന്ത്രിപദത്തിന് സാധ്യതകല്‍പ്പിക്കുന്ന ഒരാള്‍. ബിജെപി എംഎല്‍എ പ്രസാദും സാധ്യതാപട്ടികയിലുള്ളയാളാണ്.

Similar News