ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണകക്ഷിയായ എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിക്കുന്നതായിരുന്നു. എന്നാല്‍ എല്ലാ എക്‌സിറ്റ് പോളുകളും ശുദ്ധ വിഡ്ഡിത്തമാണെന്ന് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പറയുന്നു. എല്ലാം രാഷ്ട്രീയമായ കളിയാണെന്ന് ആര്‍ജെഡി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ മനോജ് കുമാര്‍ ഝാ പറഞ്ഞു.
'സുഹൃത്തുക്കളേ, നിങ്ങള്‍ പല എക്‌സിറ്റ് പോളുകളും കണ്ടിട്ടുണ്ടാകും, അവയില്‍ മിക്കതിന്റെയും പേരുകള്‍ പോലും നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരു പ്രത്യേക സംഖ്യ നല്‍കിയിരുന്നു, അതിനാല്‍ എല്ലാവരും അവരുടെ കണക്കുകള്‍ അതിനനുസരിച്ച് ക്രമീകരിക്കുക മാത്രമേ ചെയ്തുള്ളൂ, ,'ഝാ പറഞ്ഞു.
നവംബര്‍ 14 ന് ഫലം പ്രഖ്യാപിക്കുമ്പോള്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം (മഹാഗത്ബന്ധന്‍) സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം മനസിലായിട്ടുണ്ടെന്നും സത്യം തിരിച്ചറിഞ്ഞ അവര്‍ ആര്‍ജെഡിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.