തിരൂര്‍: തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍പിഎഫും, എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തി പരിശോധനയില്‍ 113 കുപ്പി ഗോവന്‍ മദ്യം പിടികൂടി. ഇന്ന് പുലര്‍ച്ചെ നിസാമുദ്ദീന്‍- എറണാകുളം എക്‌സ്പ്രസ് പോയതിനു ശേഷം സ്‌റ്റേഷന്‍ പരിസരത്ത് രണ്ട് ബാഗുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മദ്യം കണ്ടെത്തിയത്. ആകെ 37 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.
അന്തര്‍ സംസ്ഥാന ട്രയിനുകള്‍ വഴി ഗോവയില്‍ നിന്നും മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിലേക്ക് ചില്ലറ വില്‍പ്പനക്കായി മദ്യം കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് ആര്‍പിഎഫും എക്‌സൈസും പരിശോധന നടത്തിയത്.
തിരൂര്‍ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കെ എം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിത എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്റലിജെന്‍സ് പ്രവിന്റീവ് ഓഫിസര്‍ വി കെ സൂരജ്, ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ എം പ്രസന്നന്‍, കോണ്‍സ്റ്റബിള്‍മാരായ മുരളി, വിജീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ റിബീഷ് എന്നിവര്‍ പങ്കെടുത്തു.
രണ്ടാഴ്ച മുന്‍പ് ആര്‍പിഎഫും തിരൂര്‍ എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.