കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: മൈക്രോ ഓവനിലും, ക്യാപ്‌സൂളുകളാക്കിയും കടത്തിയ സ്വര്‍ണം പിടികൂടി

Update: 2022-05-31 11:07 GMT

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പോലിസിന്റെ വന്‍ സ്വര്‍ണവേട്ട. ദുബയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി ഗഫൂറില്‍ നിന്നും ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണവും, താമരശ്ശേരി സ്വദേശി ഫൗസികില്‍ നിന്നും മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണവുമാണ് പോലിസ് പിടികൂടിയത്. മൈക്രോ ഒവനിലും ക്യാപ്‌സൂളുകളാക്കിയും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

ദുബയില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്നലെ രാത്രി എട്ടരക്ക് കരിപ്പൂരിലെത്തിയ തലശ്ശേരി സ്വദേശി ഗഫൂറില്‍ നിന്നും ഒന്നര കിലോ സ്വര്‍ണമാണ് പോലിസ് പിടികൂടിയത്. മൈക്രോ ഓവന്റെ ട്രാന്‍സ്‌ഫോമറിനുള്ളില്‍ അറയുണ്ടാക്കി അതിനുള്ളില്‍ സ്വര്‍ണക്കട്ടി വച്ച ശേഷം ഇരുമ്പ് പാളികള്‍ വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ നിലയിലായിരുന്നു ഗഫൂര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 974 ഗ്രാം സ്വര്‍ണം 4 ക്യാപ്‌സൂളുകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചായിരുന്നു താമരശ്ശേരി സ്വദേശിയായ ഫൗസിക് സ്വര്‍ണം കടത്തിയത്.

കസ്റ്റംസ് പരിശോധയ്ക്കു ശേഷം ക്യാപ്‌സ്യൂളുകള്‍ പുറത്തെടുത്ത് ഷൂസിനുളളില്‍ ഒളിപ്പിക്കുകയായിരുന്നു. പോലിസിന് വിവരം ചോര്‍ന്നിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എക്‌സ്‌റേ പരിശോധനയെ മറികടക്കാനായി ഫൗസിക് ഇങ്ങനെ ചെയ്തതെന്നാണ് പോലിസിനോട് പറഞ്ഞത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 32 കേസുകളില്‍ നിന്നായി 15.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് പോലിസ് പിടിച്ചെടുത്തത്.

Tags:    

Similar News