വേങ്ങരയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേരെ അറസ്റ്റ് ചെയ്തു

Update: 2022-04-28 12:41 GMT

വേങ്ങര: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തിയ 780 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ വേങ്ങരയില്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്ന 'ക്രിസ്റ്റല്‍ മെത്ത്' എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിനാണ് പിടിച്ചെടുത്തത്.

ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ്, വേങ്ങര സി ഐ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്(34), കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ്(34) എന്നിവരെ വേങ്ങര കുറ്റാളൂരില്‍ നിന്ന് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായും ഇതിനാവശ്യമായ പണം കണ്ടെത്താന്‍ ചിലര്‍ വില്പനയിലേക്ക് കടക്കുന്നതായും ബെംഗളൂരു, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്താനായി വിദ്യാര്‍ത്ഥികളെയുള്‍പ്പടെ വന്‍ തുക വാഗ്ദാനം ചെയ്ത് വശീകരിക്കുന്നുണ്ടെന്നും നേരത്തെത്തന്നെ വിവരം ലഭിച്ചിരുന്നു.

ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ എസ്‌ഐ സി കെ നൗഷാദ്, സി പി മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എം മനോജ് കുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, കെ ദിനേഷ്, കെ പ്രഭുല്‍, ജിനീഷ്, വേങ്ങര സ്‌റ്റേഷനിലെ എഎസ്‌ഐമാരായ അശോകന്‍, മുജീബ് റഹ്മാന്‍, സിപിഒമാരായ അനീഷ്, വിക്ടര്‍, ആന്റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.