ടീമില്‍ നിന്നും വിരമിക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിച്ചു: മോര്‍ത്തസെ

Update: 2020-06-06 10:59 GMT

ധക്ക: ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തന്നെ നിര്‍ബന്ധിച്ചുവെന്ന് ബൗളര്‍ മശ്‌റഫെ മോര്‍ത്തസെ. അടുത്തിടെ നടന്ന മല്‍സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബോര്‍ഡ് ഇത്തരത്തിലുള്ള നടപടി എടുക്കാന്‍ തുനിഞ്ഞത്. തനിക്കായി വിരമിക്കല്‍ മല്‍സരം നടത്താനും ബോര്‍ഡ് തയ്യാറായിരുന്നു. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയ തന്നോട് ബോര്‍ഡ് ഇത്തരത്തില്‍ പെരുമാറിയത് തന്നെ ഞെട്ടിച്ചുവെന്നും ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മോര്‍ത്തസെ പറഞ്ഞു.

തനിക്ക് വന്‍ തുകയും ബോര്‍ഡ് വാഗ്ദാന ചെയ്തിരുന്നു. പണം തനിക്ക് പ്രശ്‌നമല്ലെന്നും ക്രിക്കറ്റ് മാത്രമാണ് തന്റെ ജീവിതമെന്നും മോര്‍ത്തസെ പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ തനിക്ക് കോടികളാണ് ഓഫര്‍ വന്നത്. എന്നാല്‍ താന്‍ അത് നിരാകരിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പോടെ വിരമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആ ലോകകപ്പില്‍ കളിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും എം പി കൂടിയായ മോര്‍ത്തസെ പറയുന്നു. ക്യാപ്റ്റനായിരിക്കെ 100 വിക്കറ്റ് നേടിയ ലോകത്തിലെ അഞ്ചാമത്തെ ബൗളറാണ് മോര്‍ത്തസെ.


Similar News