ഭോപാലിലെ ആശുപത്രിയില്‍ തീപിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

Update: 2021-11-09 04:27 GMT

ഭോപാല്‍: ഭോപാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചു. ഭോപാലിലെ കമലാ നെഹ്രു ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. 

ആശുപത്രിയിലെ മൂന്നാം നിലയിലെ ന്യൂബോണ്‍ വാര്‍ഡിലാണ് ഇന്നലെ രാത്രി തീപടര്‍ന്നത്. വാര്‍ഡിലുണ്ടായിരുന്ന കുട്ടികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. 8-10 അഗ്നിശമന വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്.

ആശുപത്രി വാര്‍ഡുകളിലുണ്ടായിരുന്ന പലരും വാതിലുകളിലുടെയും ജനലുകളിലൂടെയും പുറത്തുകടന്നു. അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ആദരാഞ്ജലികള്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളെ രക്ഷിക്കാനായില്ലെന്ന് ചൗഹന്‍ ട്വീറ്റ് ചെയ്തു. നാലാമത്തെ മരണം അതിനു ശേഷമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍  ആരോഗ്യ വിഭാഗമാണ് അന്വേഷണം നടത്തുക.

മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉന്നതല അന്വേഷണം ആവശ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് മരിച്ച കുട്ടികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചതോടൊപ്പം സംഭവത്തിന് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

Tags: