ഭീമ കൊറേഗാവ്- എല്‍ഗാര്‍ പരിഷദ് കേസ്: നിരപരാധിയായ ഹാനി ബാബുവിനെ നിരുപാധികം മോചിപ്പിക്കണമെന്ന് കുടുംബം

Update: 2021-05-04 16:48 GMT

ന്യൂഡല്‍ഹി: നിരപരാധിയായ ഒരു മനുഷ്യനെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒമ്പത് മാസമായി ജയിലിട്ടിരിക്കുന്നതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബുവിന്റെ കുടുംബം. ഭാര്യയും മകളും സഹോദരങ്ങളും അടങ്ങിയ കുടുംബാംഗങ്ങള്‍ പ്രസിദ്ധീകരിച്ച അപേക്ഷയിലാണ് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈയിലെ തടവുകാര്‍ തിങ്ങിനിറഞ്ഞ ജയിലില്‍ നിരപരാധിയായ ഹാനി ബാബു ഒമ്പത് മാസമായി തടവില്‍ കഴിയുകയാണ്. അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അഞ്ച് ദിവസം ചോദ്യം ചെയ്ത സമയത്തുതന്നെ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ചിലര്‍ക്കെതിരേ തെളിവുനല്‍കാന്‍ അന്വേഷകര്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു. തെറ്റായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാവാത്തതില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ദേഷ്യത്തിലായിരുന്നെന്ന് അവസാനത്തെ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് മനസ്സിലായതായി കുടുംബം നല്‍കിയ അപേക്ഷയില്‍ പറയുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ ഹാനി ബാബു ജയിലില്‍ തുടരുന്നതില്‍ കുടുംബം ആശങ്കയിലാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഹാനി ബാബുവിനെ കാണാന്‍ കുടുംബത്തെ അനുവദിച്ചിരുന്നില്ല. അത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പുസ്തകങ്ങളോ മറ്റ് വസ്തുക്കളോ വസ്ത്രങ്ങളോ അയക്കാനോ ഫോണ്‍ ചെയ്യാനോ അനുമതിയില്ല. അയക്കുന്ന കത്തുകള്‍ അധികാരികളുടെ താല്‍പ്പര്യമനുസരിച്ചാണ് നല്‍കുന്നത്- കത്തില്‍ പറയുന്നു.

ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷദ് കേസില്‍ പെടുത്തി 16 പേര്‍ക്കൊപ്പമാണ് ഹാനി ബാബുവിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ കമ്പ്യൂട്ടറുകളില്‍ ബോധപൂര്‍വം സ്ഥാപിച്ച് കൃത്രിമമായി ഉണ്ടാക്കിയവയാണ് കോടതിയില്‍ ഹാജരാക്കിയ തെളിവുകളെന്ന് പിന്നീട് പുറത്തുവന്നെങ്കിലും അത് ഇതുവരെ കേസില്‍ പരിഗണിച്ചിട്ടില്ല.

2020 ജൂലൈ ജൂലൈ 29ന് വൈകുന്നേരം 5മണിക്കാണ് ഡോ. ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നതെങ്കിലും അതിനും അഞ്ച് ദിവസം മുമ്പ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

അറസ്റ്റിനു മാസങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശ് പോലിസിന്റെ സഹായത്തോടെ ഹാനി ബാബുവിന്റെ നോയിഡയിലെ താമസസ്ഥലം എന്‍ഐഎ സംഘം റെയ്ഡ് ചെയ്തിരുന്നു. 2019 സെപ്തംബര്‍ 10നായിരുന്നു അത്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, പെന്‍്രൈഡവ് തുടങ്ങിയവയ്ക്കു പുറമേ അധ്യാപനത്തിന് ഉപയോഗിക്കുന്ന നോട്ട്സും വിദ്യാര്‍ത്ഥികളുടെ പഠന പ്രബന്ധങ്ങളും റെയ്ഡില്‍ പൊലിസ് പിടിച്ചെടുത്തു. പിന്നീട് കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തിയ തെളിവുകളെ കുറിച്ച് മൊഴിനല്‍കാന്‍ അദ്ദേഹത്തെ മുംബൈയിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ചാണ് കള്ളമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. അതദ്ദേഹം നിരസിച്ചു.

തുടര്‍ന്ന് യുഎപിഎയും ഐപിസിയിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചും അദ്ദേഹം അറസ്റ്റ് ചെയ്തു.

ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവീന, മകള്‍ ഫര്‍സാന, മാതാവ് ഫാത്തിമ, സഹോദരങ്ങളായ ഹാരിഷ്, അന്‍സാരി തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ ഹാനി ബാബു എം ടി അറിയപ്പെടുന്ന എഴുത്തുകാരനും പ്രശസ്തനായ ഇംഗ്ലീഷ് അധ്യാപകനുമാണ്. ജാതിയുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

Tags:    

Similar News