ഭാരത് ബന്ദ്: പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാപകമായ പിന്തുണ; സംസ്ഥാനങ്ങള്‍ സമരച്ചൂടില്‍

Update: 2020-12-08 06:31 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പ്രതിപക്ഷപാര്‍ട്ടികളുടെ വ്യാപകമായ പിന്തുണ. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ശേഷം 3 മണിവരെ നടത്തുന്ന സമരത്തിന് നിരവധി രാഷ്ട്രീയപാര്‍ട്ടികളും പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേന, ഇടതുപാര്‍ട്ടികള്‍, ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ), സമാജ്‌വാദി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ( ജെഎംഎം), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) എന്നീ പാര്‍ട്ടികളുടെ സജീവ പിന്തുണയുണ്ട് സമരത്തിന്. കാര്‍, ടാക്‌സി, ലോറി യൂനിയനുകളും പിന്തുണയ്ക്കുന്നുണ്ട്.

കര്‍ഷകസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും അടിയന്തിര സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സമീപ സംസ്ഥാനങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന അതിര്‍ത്തി റോഡുകള്‍ അടച്ചുപൂട്ടി. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന പല നഗരങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.

ഡല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിമുതല്‍ അരവിന്ദ് കെജ്രിവാളിനെ പോലിസ് വീട്ട്തടങ്കലിലാക്കിയിരിക്കുകയാണ്. അതേസമയം റോഡ് ഗതാഗതത്തിന്റെയും വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. അതിര്‍ത്തിയില്‍ ട്രാഫിക്കിനു മാത്രം 4000 സുരക്ഷാജീവനക്കാരെ വിന്യസിപ്പിച്ചു.

പഞ്ചാബിലാണ് സമരം ഏറ്റവും ശക്തമായിട്ടുള്ളത്. സംസ്ഥാനത്തെ മിക്കവാറും ഭരണ പ്രതിപകഷ കക്ഷികളും തൊഴിലാളി സംഘടനകളും സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചു.

ഹരിയാനയില്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല നേതൃത്വം നല്‍കുന്ന ജനനായക് ജനതാപാര്‍ട്ടിയും സമരത്തിനെ പിന്തുണയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ മിക്കവാറും പ്രധാന മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്.

ഉത്തര്‍പ്രദേശിലെ നിരവധി കര്‍ഷക സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ്, സമാജ്‌വാദിപാര്‍ട്ടി, ബിഎസ്പി തുടങ്ങിയവയും പിന്തുണയ്ക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ യുപിയില്‍ സമരം തീവ്രമാണ്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എതിര്‍പ്പ് ശക്തമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ ത്രിണമൂലും കോണ്‍ഗ്രസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങൡും ധര്‍ണയും മറ്റ് യോഗങ്ങളും നടക്കുന്നു. അതേസമയം ബന്ദ് സംസ്‌കാരത്തിന് എതിരായതിനാല്‍ തങ്ങള്‍ സമരം അടിച്ചേല്‍പ്പിക്കില്ലെന്ന നിലപാടിലാണ് ത്രിണമൂല്‍.

മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും പിന്തുണയുമായി രംഗത്തുണ്ട്. മുംബൈയെ സമരം കാര്യമായി ബാധിച്ചിട്ടില്ലെങ്കിലു വിധര്‍ഭയിലും മാറാത്ത് വാദയിലും ശക്തമാണ്.

ബീഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ബിജെപി, ജെഡിയു, ജെഡി എന്നീ പാര്‍ട്ടികള്‍ എതിരാണ്. ആര്‍ജെഡി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തമിഴ് നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ പിന്തുണയ്ക്കുന്നു. കമലഹാസന്റെ എംഎന്‍എമ്മിന്റെയും പിന്തുണയുണ്ട്.

അസമില്‍ ആസു ബന്ദിന് അനുകൂലമാണ്. പല സ്ഥലങ്ങളിലും സമരം ശക്തമാണ്.