ഭാരത് ബന്ദ്; മഥുരയില്‍ വ്യാപക അറസ്റ്റ്

Update: 2020-12-08 19:04 GMT

മഥുര: കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനെ ചെറുക്കാന്‍ വ്യാപക അറസ്റ്റുമായി യുപി സര്‍ക്കാര്‍. മഥുരയില്‍ മാത്രം 150തോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കരുതല്‍ തടങ്കലില്‍ അടച്ചു. ഉത്തര്‍പ്രദേശില്‍ ഭാരത് ബന്ദ് നടക്കാതിരിക്കാന്‍ കനത്ത മുന്നൊരുക്കങ്ങളാണ് ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ മഥുരയില്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്.


അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവര്‍ ബന്ദില്‍ പങ്കെടുത്തു. കര്‍ഷകരെ പിന്തുണക്കുന്നതായും കോടതികളില്‍ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും മഥുര ബാര്‍ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 'കിസാന്‍ യാത്ര' നടത്തി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് കര്‍ഷകര്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ മാര്‍ച്ച് നടത്തി. ഭാരതീയ കിസാന്‍ കല്യാണ്‍ സമിതി പ്രസിഡന്റ് രാം ബാബു കറ്റേലിയ നേതൃത്വം നല്‍കി. ടോള്‍ പ്ലാസയും കര്‍ഷകര്‍ ഉപരോധിച്ചു.




Tags:    

Similar News