അഗ്നിപഥിനെതിരേ ഭാരത്ബന്ദ്: ഡല്‍ഹി ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കരാര്‍ സൈനികപദ്ധതിയായ അഗ്നിപഥിനെതിരേ ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെത്തുടര്‍ന്ന് ഡല്‍ഹി-ഗുഡ്ഗാവ് അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക്. സര്‍ഹൗള്‍ അതിര്‍ത്തിയിലാണ് റോഡിലെ പോലിസ് പരിശോധനയെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് തീവ്രമായത്.
അഗ്നിപഥിനെതിരേ കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികള്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫരീദാബാദിലും നോയിഡയിലുമാണ് നിരോധനാജ്ഞ. നാലില്‍കൂടുതല്‍ പേര്‍ കൂട്ടുചേരുന്നത് നിയമിരുദ്ധമാണ്.
അഗ്നിപഥിനെതിരേ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. യുപി, ബീഹാര്‍, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രതിഷേധം തീവ്രമായത്.
അഗ്നിപഥ് അനുസരിച്ച് 17.5നും 21നും ഇടയില്‍ പ്രായമുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ സൈന്യത്തില്‍ എടുക്കും. 75 ശതമാനം പേരെ നാല് വര്‍ഷത്തിനുശേഷം പെന്‍ഷന്‍ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടും.
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് 483 ട്രെയിനുകള്‍ ഇന്നലെ മാത്രം റദ്ദാക്കി.