ബിവറേജസ് കോര്‍പറേഷന്‍ ഓഫിസ് അറ്റന്‍ഡന്റ്: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനെതിരേ പരാതി

Update: 2022-03-27 11:48 GMT

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഓഫിസ് അറ്റന്‍ഡന്റ് പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് കോര്‍പറേഷന്‍ എം. ഡി അറിയിച്ചു.

ഓഫിസ് അറ്റന്‍ന്റുമാരുടെ പി.എസ്.സി നിയമനം ത്വരിതപ്പെടുത്താമെന്നും പുതിയ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. വിവിധ കമ്പനി, കോര്‍പറേഷനുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നാണ് ബിവറേജസ് കോര്‍പറേഷനിലെയും ഓഫിസ് അറ്റന്‍ഡന്റ്, ഷോപ്പ് അറ്റന്‍ഡന്റ് ഒഴിവുകള്‍ നികത്തുന്നത്. നിലവില്‍ ഈ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടന്നു വരികയാണ്. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിയമന ശുപാര്‍ശ ലഭിച്ചവരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്നും എം. ഡി അറിയിച്ചു.

Tags: