2018 മുതല്‍ 2020 കാലയളവില്‍ രാജ്യത്ത് പാപ്പര്‍ ഹരജി നല്‍കിയത് 324 കമ്പനികള്‍

Update: 2021-03-16 13:57 GMT

ന്യൂഡല്‍ഹി: 2018 മുതല്‍ 2020 വരെയുളള കാലയളവില്‍ രാജ്യത്ത് പാപ്പര്‍ ഹരജി നല്‍കിയത് 324 കമ്പനികളെന്ന് കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ ഉദ്ധരിച്ച് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 2018 വര്‍ഷത്തില്‍ 149 കമ്പനികളും 2019 വര്‍ഷത്തില്‍ 103 കമ്പനിയും 2020 വര്‍ഷത്തില്‍ 72 കമ്പനിയും പാപ്പര്‍ ഹരജി നല്‍കി. ആകെ 324 കമ്പനികളാണ് മൂന്ന് വര്‍ഷത്തിനിടയില്‍ പാപ്പരായി സ്വയം പ്രഖ്യാപിച്ചത്.

രാജ്യസഭയില്‍ എഴുതിക്കൊടുത്ത ഒരു ചോദ്യത്തിന് കേന്ദ്ര ധനം, കോര്‍പറേറ്റ് അഫയേഴ്‌സ് സഹമന്ത്രി അനുരാഗ് സിങ് താക്കൂറും കുറച്ചുകൂടെ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് 2018 കാലത്ത് സ്വയം പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട് 8,330 അപേക്ഷകളാണ് മന്ത്രാലയത്തില്‍ ലഭിച്ചത്. 2019ല്‍ 12,091 അപേക്ഷകളും 2020ല്‍ 5,282 അപേക്ഷകളും ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അത്തരം അപേക്ഷകളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കമ്പനി നിയമം 2013 അനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷവും അവസാനിപ്പിച്ച് ആറ് മാസത്തിനുള്ളില്‍ കമ്പനികള്‍ അവരുടെ വാര്‍ഷികപൊതുയോഗം വിളിച്ചുചേര്‍ക്കണം. വാര്‍ഷിക യോഗം കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളില്‍ കമ്പനി അടച്ചുപൂട്ടുന്നതിനുള്ള അപേക്ഷയും നല്‍കണം.

Tags: